ബാല്യകൌമാരങ്ങളുടെ വിസ്മയങ്ങള്‍ പൂത്തുലഞ്ഞ മൈതാനങ്ങള്‍ !
ഇടവഴികള്‍, കൊച്ചരുവികള്‍, വയലുകള്‍, വെറ്റിലകൊടികള്‍...
മാമ്പഴക്കാലത്തിന്റെ ചുനമണവുമായി ഊര്ചുറ്റും കാറ്റിന് ഈ ഗ്രാമത്തെപ്പറ്റി പറയാന്‍ ആയിരം നാവാണ്...

ഒരു വലിയ സാംസ്കാരിക പെരുമയുടെ നാടാണ് തിക്കോടി.
മുമ്പേ നടന്നുപോയവര്‍ കേരളവും ഇന്ത്യയും കടന്നു ലോകത്തോളം ഉയര്ന്നവര്‍ .
പി.ടി.ഉഷയ്ക്ക് ജന്മം കൊടുത്തതിലൂടെ
ഈ ഗ്രാമം ലോക ഭൂപടത്തില്‍ സ്ഥാനം പിടിച്ചു.
തിക്കോടിയനും,വി.പി.മുഹമ്മദും, ബി.എം.സുഹറയും.
എം.കുട്ടികൃഷ്ണനും, മണിയൂര്‍ ഇ ബാലനും, പള്ളിക്കര ശ്രീധരനും
സാഹിത്യത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങളാണെങ്കില്‍ ,
കാര്‍ടൂണ്‍ രംഗത്തെ അതികായരാണ്
ബി.എം.ഗഫൂര്‍,ഗോപീകൃഷ്ണന്‍,ഇ.സുരേഷ്.
ഐതിഹാസിക ഉപ്പു കുറുക്കല് സമരത്തില്‍
കേളപ്പജിയോടൊപ്പം മുന്‍പന്തിയിലുണ്ടായിരുന്ന ഇ.സി.കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെ ജന്മദേശം, മദിരാശി ലെജിസ്ലെട്ടീവ് കൌണ്‍സില്‍ അംഗമായിരുന്ന അഡ്വ.ബി.പോക്കര്‍ സാഹിബ് , ലോകപ്രശസ്തനായ ഡോ. വിജയന്‍ തുടങ്ങി
എത്രയോ പ്രതിഭാധനരുടെ ജന്മം കൊണ്ടും കര്‍മം കൊണ്ടും തിക്കോടി പുളകമണിഞ്ഞിട്ടുണ്ട്.
പലരും ഇപ്പോള്‍ നമ്മോടോപ്പമില്ല ,
എങ്കിലും ആ ജ്വലിക്കുന്ന ഓര്‍മ്മ
നമ്മുടെ സാംസ്കാരിക ചരിത്ര പഥത്തില്‍ ഒളി മങ്ങാത്ത നാഴികക്കല്ലായി ഉയര്‍ന്നു നില്‍ക്കുന്നു.