തൃക്കൊട്ടൂരിലെ ശക്തി മന്ദിരം:
ഗാന്ധിയന്‍ കര്‍മ്മ പരിപാടികളുമായി മുമ്പോട്ടു പൊയ്ക്കൊണ്ടിരുന്ന തിക്കൊടിയിലെ ദേശീയ സമര പോരാളികള്‍ക്ക് കായിക പരിശീലനത്തിനും രാഷ്ട്രീയ പഠനത്തിനും വേണ്ടി ഒരു ആസ്ഥാനം വേണമെന്ന തോന്നലില്‍ നിന്നും ജന്മം കൊണ്ടതാണ് ശക്തി മന്ദിരം. പില്‍ക്കാലത്ത് ദേശീയ സമരത്തില്‍ മലബാറിന്റെ കേന്ദ്രമായിത്തീര്‍ന്ന ഈ ശക്തി മന്ദിരത്തിലെ വളണ്ടിയര്‍ സേന ഗുരുവായൂര്‍ സത്യാഗ്രഹ സമരത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.തൃക്കോട്ടൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രത്തിനു അടുത്തായി ഏതാണ്ട് മൂന്നു ഏക്കറോളം വരുന്ന സ്ഥലത്താണ് ശക്തി മന്ദിരം സ്ഥാപിച്ചത്.വായന ചര്‍ച്ച കായിക പരിശീലനം രാഷ്ട്രീയ സദസ്സുകള്‍ എന്നിവയുടെ സജീവത മൂലം ദേശീയ സമര പ്രസ്ഥാനത്തിന്റെ മലബാറിലെ ശക്തി കേന്ദ്രമായി മാറിയ ഈ മന്ദിരം അന്ന് ഉദ്ഘാടനം ചെയ്തത് ആചാര്യ ടി എല്‍ വാസ്വാനിയാണ് . മഞ്ചേരി രാമയ്യര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മഹാകവി കുട്ടമത്ത് ജയിക്കുന്നു ശക്തി എന്ന കവിതയും ആലപിക്കുകയുണ്ടായി.കേളപ്പജിയും ഇ സി കുഞ്ഞിക്കണ്ണന്‍ നമ്പ്യാരും ആയിരുന്നു കേന്ദ്രത്തിന്റെ ഊടും പാവും. യുവജന പ്രസ്ഥാനമായ യുവക് സംഘത്തിന്റെ മലബാര്‍ ശാഖ രൂപം കൊണ്ടത് ശക്തി മന്ദിരത്തില്‍ ആയിരുന്നു. അതിര്‍ത്തി ഗാന്ധി ഖാന്‍ അബ്ദുല്‍ ഗഫൂര്ഖാന്റെ ചെങ്കുപ്പായ സേനയാണ് യുവക് സംഘം രൂപീകരിച്ചത്. സര്‍ദാര്‍ ചന്ദ്രോത്ത് കുഞ്ഞിരാമന്‍ നായര്‍ , എ കെ.ഗോപാലന്‍, മൊയ്യാരത്ത് ശങ്കരന്‍,രാജ്യദ്രോഹ കുറ്റം ചുമത്തി മദിരാശി സെന്റ്ഫോര്‍ട്ടില്‍ തൂക്കിലേറ്റപ്പെട്ട ധീര ദേശാഭിമാനി ടി പി കുഞ്ഞിരാമന്‍ നായര്‍ എന്നിവരുടെ നേതൃപാടവം യുവക് സംഘത്തെ സജീവമാക്കി.കുറൂമ്പ്രനാട്ടിലെ നിയമ ലംഘന പ്രസ്ഥാനത്തിന്റെ കടിഞ്ഞാണ്‍ യുവക് സംഘത്തിനായിരുന്നു.
ശക്തി മന്ദിരത്തിലെ സന്ദര്‍ശകര്‍:
ശക്തി മന്ദിരം പല പ്രശസ്ത ദേശീയ നേതാക്കളും സന്ദര്‍ശിച്ചിരുന്നു.
പ്രഥമ രാഷ്ട്രപതിയായിരുന്ന ഡോ: രാജേന്ദ്രപ്രസാദ്,
ജയപ്രകാശ് നാരായണ്‍,
എന്‍.ജി.രങ്ക, ടി.പ്രകാശം,രാമമൂര്‍ത്തി,
ഡോ: സബൂര്ന്നാനന്ദ് ,
ഗോപാല റെഡ്ഡി, മന്ദത്തു പത്മനാഭന്‍,മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്,
പി.കൃഷ്ണപിള്ള, ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട്,
എ.കെ. ഗോപാലന്‍, സി.കെ.ഗോവിന്ദന്‍ നായര്‍
തുടങ്ങിയവര്‍ ഇതില്‍ പ്രധാനികളത്രേ.
മാത്രവുമല്ല ശക്തി മന്ദിരത്തിന്റെ സാരഥികളായ കെ.കേളപ്പന്‍,
ഇ.സി.കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ തുടങ്ങി പലരും
ദേശീയ പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ തന്നെയായിരുന്നു.
ശക്തി മന്ദിരം
Sunday, January 09, 2011 |
Labels:
ചരിത്രം
